ച രിത്രപ്രസിദ്ധനായ ഗോവിന്ദസ്വാമികളുടെ പുത്രനും മലയാളത്തില്‍ നടപ്പുള്ള വാക്യം, പരല്പേരു മുതലായ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളുടെ നിര്‍മാതാവെന്നു പറയപ്പെടുന്ന ആളുമായ വരരുചി എന്ന ബ്രാഹ്മണോത്തമനെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ അധികമുണ്ടെന്നു തോന്നുന്നില്ല. ഇദ്ദേഹം വിക്രമാദിത്യരാജാവിന്റെ സേവകനായിട്ടു താമസിച്ചിരുന്നു. വരരുചി സകലശാസ്ത്രപാരംഗതനും നല്ല പൗരാണികനും ആയിരുന്നതിനാല്‍ രാജാവിനു ശാസ്ത്രസംബന്ധമായോ പുരാണസംബന്ധമായോ വല്ല സംശയവും നേരിട്ടാല്‍ ഇദ്ദേഹത്തോടു ചോദിച്ചാണ് അത് തീര്‍ക്കുക പതിവ്. അങ്ങനെയിരിക്കെ കാലത്ത് ഒരു ദിവസം രാജാവ് "രാമായണത്തില്‍ പ്രാധാനമായ വാക്യമേതാണ്?" എന്ന് ഈ ബ്രാഹ്മണനോട് ചോദിച്ചു. ഈ ചോദ്യത്തിനു തക്കതായ ഉത്തരം പറയാന്‍ തോന്നായ്കയാല്‍ വരരുചി വിഷണ്ണനായിത്തീര്‍ന്നു. ഉടനെ രാജാവ് "എന്നാല്‍ എവിടെയെങ്കിലും പോയി, ആരോടെങ്കിലും ചോദിച്ചറിഞ്ഞു നാല്പത്തൊന്നുദിവസം കഴിയുന്നതിനുമുമ്പ് ഇവിടെ വന്നു പറയണം. അങ്ങനെ ചെയ്തില്ലെങ്കില്‍ പിന്നെ താന്‍ ഇവിടെ വരണമെന്നില്ല. എനിക്കു തന്നെ കാണുകയും വേണ്ട" എന്നു പറഞ്ഞു. രാജാവിന്റെ കല്പന കേട്ടപ്പോള്‍ വരരുചിയുടെ ഹൃദയം വിഷാദവും വിചാരവുംകൊണ്ടു നിറഞ...