ഇദ്ദേഹം ഒരുത്തമബ്രാഹ്മണനും നല്ല ശാക്തേയനുമായിരുന്നു. ദിവസംതോറും ദേവിയെ ഉപാസന ഇദ്ദേഹത്തിനു പതിവുണ്ടായിരുന്നു എന്നു മാത്രമല്ല, ചൊവ്വാഴ്ച, വെള്ളിയാഴ്ച, കറുത്ത വാവ് മുതലായ ദിവസങ്ങളില്‍ മദ്യമാംസാദി നിവേദ്യങ്ങളോടുകൂടി വിധിപ്രകാരമുള്ള ശക്തിപൂജയുമുണ്ടായിരുന്നു. പൂജാനന്തരം, അദ്ദേഹം ധാരാളം മദ്യം സേവിക്കാറുമുണ്ട്. ദേവി അദ്ദേഹത്തിനു പ്രത്യക്ഷമൂര്‍ത്തിയായിരുന്നു. ഇദ്ദേഹം മദ്യമാംസാദികള്‍ കൂട്ടി ശക്തിപൂജ കഴിക്കയും മദ്യം സേവിക്കുകയും ചെയ്യുന്ന വിവരം മറ്റു ബ്രാഹ്മണര്‍ ധാരാളമായി അറിഞ്ഞു എങ്കിലും ഇദ്ദേഹത്തിന്റെ ദിവ്യത്വം നിമിത്തം അതൊന്നും കണ്ടുപിടിക്കുന്നതിനും ഇദ്ദേഹത്തിനു പതിത്വം കല്പിക്കുന്നതിനും ആര്‍ക്കും കഴിഞ്ഞില്ല. ഇദ്ദേഹം ഇല്ലാത്ത സ്ഥലത്തുവെച്ച് നമ്പൂരിമാര്‍ കൂടിയിരുന്നുകൊണ്ട്, "ഇയ്യാള്‍ ശുദ്ധ നീചനാണ്. ഇതൊക്കെ ബ്രാഹ്മണര്‍ക്കു ചേര്‍ന്നതാണോ? നമുക്കിനി ഈ കള്ളുകുടിയനെ നമ്മുടെ ഇല്ലങ്ങളില്‍ യാതൊരടിയന്തിരത്തിനും ക്ഷണിക്കരുത്. ക്ഷണിക്കാതെ വന്നാല്‍ അടിച്ചു പുറത്താക്കണം. നമുക്കാര്‍ക്കും യാതൊരടിയന്തിരത്തിനും ഇയ്യാളുടെയവിടെ പോവുകയും വേണ്ട" എന്നൊക്കെ പറയും എങ്കിലും ഇദ്ദേഹത്തോടു നേരിട്ട് ഒന്നും പറയാന്‍...