" ഭര്‍ത്തൃഹരി ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഭര്‍ത്തൃഹരി

ഭര്‍ത്തൃഹരി ആദ്യമേതന്നെ നിത്യ ബ്രഹ്മചാരിയായിരുന്നു എന്നും അതല്ല അദ്ദേഹം ആദ്യം വിവാഹം കഴിക്കുകയും ഗൃഹസ്ഥാശ്രമത്തെ സ്വീകരിച്ചു കുറച്ചുകാലം ഇരിക്കുകയും ചെയ്തു. പിന്നീടു വിരക്തനും സന്യാസിയുമായിത്തീര്‍ന്നതാണെന്നും ഇങ്ങനെ രണ്ടുവിധം കേള്‍വിയുണ്ട്. അദ്ദേഹം ഐഹികസുഖങ്ങളെ ഉപേക്ഷിച്ചു വിരക്തനായിത്തീര്‍ന്നതിന് ഒരു കാരണവും ചിലര്‍ പറയുന്നുണ്ട്. അതു താഴെ പറഞ്ഞുകൊള്ളുന്നു. ഒരു ദിവസം ഒരു യോഗീശ്വരന്‍ ഭര്‍ത്തൃഹരിയുടെ ഗൃഹത്തില്‍ വന്നു. ആ യോഗി ഒരു മാമ്പഴം ഭര്‍ത്തൃഹരിയുടെ കൈയില്‍ കൊടുത്തിട്ട്, “ഈ മാമ്പഴം തിന്നാല്‍ ജരാനരകള്‍ കൂടാതെ എന്നും ജീവിച്ചിരിക്കും” എന്നു പറഞ്ഞു ഉടനെ ഇറങ്ങിപ്പോവുകയും ചെയ്തു. യോഗി പോയതിന്റെ ശേഷം ഭര്‍ത്തൃഹരി, “കുറച്ചു കാലം കഴിയുമ്പോള്‍ എന്റെ പ്രിയത്മ വാര്‍ധക്യം നിമിത്തം ജരാനരകളാല്‍ ബാധിതയായി മരിച്ചുപോകുമല്ലോ. അവള്‍ മരിച്ചിട്ടു പിന്നെ ഞാന്‍ ജീവിച്ചിരിക്കുന്നതെന്തിനാണ? അതിനാല്‍ ഈ മാമ്പഴം അവള്‍ക്കു കൊടുക്കണം. അവള്‍ എന്നും ജീവിച്ചിരിക്കട്ടെ” എന്നു വിചാരിച്ച് ആ മാമ്പഴം ഭാര്യയ്ക്കു കൊടുക്കുകയും അതിന്റെ മാഹാത്മ്യം ഇന്നപ്രകാരമാണെന്ന് അവളെ ധരിപ്പിക്കുകയും ചെയ്തു. ഭര്‍ത്തൃഹരി അസാമാന്യമായി സ്നേഹിച്ചും പതിവ്രതാശിരോമണിയെന്നു വിശ്വസിച്ചും വെച്ചിരുന്ന ആ ഭാര്യയ്ക്ക് ഒരു ജാരന്‍ ഉണ്ടായിരുന്നു. അവന്‍ ഭര്‍ത്തൃഹരിയുടെ അശ്വപാലകന്‍ (കുതിരക്കാരന്‍) തന്നെയായിരുന്നു. മാമ്പഴം കൈയില്‍ക്കിട്ടുകയും അതിന്റെ മാഹാത്മ്യത്തെപ്പറ്റി അറിയുകയും ചെയ്തപ്പോള്‍ പുംശ്ച്ലിയായ ആ സ്ത്രീ, “നമ്മുടെ ജാരന്‍ മരിച്ചിട്ടു പിന്നെ ഞാന്‍ ജീവിച്ചിരിക്കുന്നതെന്തിനാണ? അവന്‍ എന്നും ജീവിച്ചിരിക്കട്ടെ” എന്നു വിചാരിച്ച് ആ മാമ്പഴം ആരുമറിയാതെ ജാരനെ വരുത്തി. അവനു കൊടുക്കുകയും അതിന്റെ മാഹാത്മ്യത്തെ ഗ്രഹിപ്പിക്കുകയും ചെയ്തു. ആ കുതിരക്കാരന്‍, എന്റെ ഭാര്യ മരിച്ചിട്ടു പിന്നെ ഞാന്‍ ജീവിച്ചിരിക്കുന്നതെന്തിനാണ്? അവള്‍ എന്നും ജീവിച്ചിരിക്കട്ടെ എന്നു വിചാരിച്ച് അത് അവന്റെ ഭാര്യയ്ക്കു കൊടുത്തു. കുതിരക്കാരന്റെ ഭാര്യ ഭര്‍ത്തൃഹരിയുടെ ഭവനത്തിലെ അടിച്ചുതളിക്കാരത്തിയുമായിരുന്നു. അവള്‍ അവിടെ വന്ന് അടിച്ചുതളി കഴിഞ്ഞ് അവളുടെ വീട്ടിലേക്കു പോയ സമയത്താണ് കുതിരക്കാരന്‍ ഈ മാമ്പഴം അവള്‍ക്കു കൊടുത്ത് അതിന്റെ മാഹാത്മ്യത്തെ ധരിപ്പിച്ചത്. ഭര്‍ത്തൃഹരി പുറത്ത് എവിടെയോ പോയി തിരിച്ചുവരുമ്പോള്‍ മാധ്യേമാര്‍ഗ്ഗം ആ സ്ത്രീ ആ മാമ്പഴവും കൊണ്ടുപോകുന്നതു കണ്ടു. മാമ്പഴം കണ്ടപ്പോള്‍ അതു തനിക്ക് യോഗി തരികയും താന്‍ ഭാര്യയ്ക്കു കൊടുക്കുകയും ചെയ്തതാണെന്ന് അദ്ദേഹത്തിനും മനസ്സിലാവുകയാല്‍ അദ്ദേഹം അവളോട് “ നിനക്ക് ഈ മാമ്പഴം എവിടെനിന്നും കിട്ടി?” എന്നു ചോദിച്ചു. “ ഇത് എനിക്ക് എന്റെ ഭര്‍ത്താവു തന്നതാണ്” എന്നു മാത്രം പറഞ്ഞിട്ട് അവള്‍ പോയി. ഭര്‍ത്തൃഹരി സ്വഗൃഹത്തില്‍ വന്നന്റെശേഷം കുതിരക്കാരനെ വരുത്തി, ആ മാമ്പഴം അവന് എവിടെനിന്നും കിട്ടി എന്നു ചോദിച്ചു. ആദ്യമൊക്കെ അവന്‍ ചില വ്യാജങ്ങള്‍ പറഞ്ഞുവെങ്കിലും ഒടുക്കം ഭര്‍ത്തൃഹരിയുടെ നിര്‍ബന്ധവും ഭീഷണിയും കൊണ്ടു വാസ്തവംതന്നെ പറഞ്ഞു. അതു കേട്ടപ്പോള്‍ ഭര്‍ത്തൃഹരിക്കു വളരെ വ്യസനമുണ്ടായി.”കഷ്ടം ! ഞാന്‍ അതിമാത്രം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നത് ഈ കുലടയെ ആണല്ലോ. സ്ത്രീകളെ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ല. കഷ്ടം! ഇവള്‍ക്കു വിരൂപനും തന്റെ ഭൃത്യനുമായ ഈ നിചങ്കലാണല്ലോ അഭിനിവേശമുണ്ടായത്. അശ്ചര്യം തന്നെ! ഇവന്‍ ഇവളുടെ ജാരനലെങ്കില്‍ ഇവള്‍ക്ക് ഇവനോട് ഇത്രയും സ്നേഹം തോന്നാനും ഈ മാമ്പഴം ഇവനു കൊടുക്കാനും ഇടയില്ല. ഏതായാലും ഇതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയേണ്ടാ” എന്നിങ്ങനെ വിചാരിച്ച് അദ്ദേഹം കുതിരക്കാരനെ പറഞ്ഞയച്ചിട്ട് ശയനഗൃഹത്തില്‍ പോയി വിചാര്‍മഗ്നനായി കിടന്നു. കുതിരക്കാരന്‍ ഈ ഉണ്ടായ സംഗതിയെല്ലാം ഒരു ദാസിമുഖേന ഭര്‍ത്തൃഹരിയുടെ ഭാര്യയെ ഗ്രഹിപ്പിച്ചു. തന്റെ വ്യാജപ്രവൃത്തികളെല്ലാം ഭര്‍ത്താവറിഞ്ഞു എന്നറിഞ്ഞപ്പോള്‍ അവള്‍ക്കു വളരെ വ്യസനവും ഭയവുമുണ്ടായി. ഇതു നിമിത്തം തന്റെ ജാരനു കഠിനശിക്ഷയും തനിക്ക് ദുര്യശസ്സു മുണ്ടാകുമെന്നും ഇവ രണ്ടും ഉണ്ടാകാതെയിരിക്കണമെങ്കില്‍ ഭര്‍ത്താവിന്റെ കഥ ഉടനെ കഴിക്കണമെന്നും അവള്‍ നിശ്ചയിച്ചു. ഉടനെ അവള്‍ വിഷം ചേര്‍ത്ത് ഒരു ഓട്ടട(ഒരു പലഹാരം) ഉണ്ടാക്കി, “ഭക്ഷണം തയ്യാറാക്കന്‍ കുറച്ചു താമസമുണ്ട്. വയറു കായാതിരിക്കട്ടെ. ഇതു തിന്നോളൂ” എന്നു പറഞ്ഞ് ആ പലഹാരം ഭര്‍ത്തൃഹരിയുടെ കൈയില്‍ കൊടുത്തു. അംഗനാജനത്തോളം ദുര്‍ബുദ്ധി മറ്റാര്‍ക്കുള്ളു?
ഭര്‍ത്തൃഹരി പലഹാരം കൈയില്‍ വങ്ങിക്കൊണ്ട്, “ ഇവള്‍ എന്നെ കൊല്ലാനായി വിഷം കൂട്ടി ഉണ്ടാക്കിയതായിരിക്കണം. ഇനി ഇവളുടെ സഹവാസം ഉപേക്ഷിക്കുക തന്നെയാണ് യുക്തം; സംശയമില്ല. നാലാശ്രംങ്ങളുള്ളതില്‍ ഉത്തമവും സുഖപ്രദവും ദുഃഖരഹിതവുമായിരിക്കുന്നത് ചതുര്‍ത്ഥാശ്രമം തന്നെയാണ്. അതിനാല്‍ അചിരേണ അതിനെത്തന്നെ സ്വീകരിക്കണം” എന്നു മന്‍സ്സിലാക്കിക്കോണ്ടു നിശ്ചയിച്ചിട്ട് “ഓട്ടപ്പം വീട്ടേച്ചുടും” എന്നു പറഞ്ഞുകൊണ്ട് അവിടെനിന്നെണീറ്റു പുറത്തുവന്നു. ആ പലഹാരം പുരയുടെ ഇറമ്പില്‍ തിരുകിവെച്ചിട്ട് അദ്ദേഹം ഭിക്ഷവാങ്ങി ഭക്ഷിക്കുന്നതിനായി ഒരു ചട്ടി കൈയിലെടുത്ഥു കൊണ്ടു പുറത്തിറങ്ങിപ്പോവുകയും ചെയ്തു. ഭര്‍ത്തൃഹരി പടിക്കു പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ പുരയ്ക്കു തീപിടിക്കുകയും സര്‍വസ്വവും ഭസ്മാവശേഷമായിതീരുകയും ചെയ്തു. അനന്തരം ഭര്‍ത്തൃഹരി സന്യാസവൃത്തിയോടുകൂടിയും ഭിക്ഷയെടുത്തു ഭക്ഷണം കഴിച്ചും പല്‍ സ്ഥലങ്ങളില്‍ സഞ്ചരിച്ചു. ഒടുക്കം അദ്ദേഹം ഭിക്ഷ യാചിച്ചു വാങ്ങി ഭക്ഷണം കഴിക്കുന്നതു യുക്തമല്ലെന്നും വല്ലവരും വല്ലതും കൊണ്ടുവന്നുതന്നെങ്കില്‍ മാത്രം ഭക്ഷിച്ചാല്‍ മതിയെന്നും നിശ്ചയിച്ച് പരദേശത്തുള്ള് ഒരു മഹാക്ഷേത്രത്തില്‍ (ചിദംബരത്താണെന്നും ചിലര്‍ പറയുന്നു.) ചെന്നുചേര്‍ന്നു. അവിടെ കിഴക്കേ ഗോപുരത്തില്‍ “പട്ടണത്തുപിള്ള” എന്നു പ്രസിദ്ധനായ സന്യാസി ശ്രേഷ്ഠന്‍ ഇരിക്കുന്നുണ്ടായിരുന്നു. അതിനാല്‍ ഭര്‍ത്തൃഹരി പടിഞ്ഞാറേ ഗോപുരത്തില്‍ പോയി തന്റെ ചട്ടിയും മുമ്പില്‍വെച്ച് അവിടെയിരുന്നു. ആ ചട്ടിയില്‍ വല്ലവരും ഭക്ഷണസാധനവും കൊണ്ടു ചെന്നിട്ടാല്‍ ഭര്‍ത്തൃഹരി അതെടുത്തു ഭക്ഷിച്ചിരുന്നു. അതില്‍ ആരും ഒന്നും കൊണ്ടു ചെന്നിട്ടു കൊടുത്തില്ലെങ്കില്‍ അദ്ദേഹം ഭക്ഷിക്കാറുമില്ല. ഭക്ഷണം കൂടാതെ അദ്ദേഹം അനേകം ദിവസങ്ങള്‍ കഴിച്ചുകൂട്ടാറുണ്ടായിരുന്നു. എന്നാല്‍ അതുകൊണ്ട് അദ്ദേഹത്തിന് വിശേഷിച്ചു യാതൊരു സുഖക്കേടും ക്ഷീണവും ഉണ്ടാകാറുമില്ല. ഈ കാലത്ത് ഒരു ദിവസം ഒരു ഭിക്ഷക്കാരന്‍ അവിടെ കിഴക്കേ ഗോപുരത്തില്‍ ചെന്നു പട്ടണത്തുപിള്ളയോടു ഭിക്ഷ യാചിച്ചു. അപ്പോള്‍ പട്ടണത്തുപിള്ള “ ഞാനും തന്നേപ്പോലെ തന്നെ ഒരു ഭിക്ഷക്കാരനാണ്. തനിക്കു തരുന്നതിന് എന്റെ കൈവശം യാതൊന്നുമില്ല. എന്നാല്‍ പടിഞ്ഞാറേ ഗോപുരത്തില്‍ ഒരു ധനികന്‍ ഇരിക്കുന്നുണ്ട്. അവിടെച്ചെന്നു ചോദിച്ചാല്‍ അദ്ദേഹം വല്ലതും തരുമായിരിക്കും” എന്നു പറഞ്ഞു. ഉടനെ ആ ഭിക്ഷക്കാരന്‍ പടിഞ്ഞാറേ ഗോപുരത്തില്‍ ഭര്‍ത്തൃഹരി യുടെ അടുക്കല്‍ ചെന്നു ഭിക്ഷ ചോദിച്ചു. അപ്പോള്‍ ഭര്‍ത്തൃഹരിയും “ഭിക്ഷ കൊടുക്കുന്നതിന് എന്റെ കൈവശം യാതൊന്നുമില്ല. ഞാനും തന്നേപ്പോലെ ഒരു ദരിദ്രനാണ്” എന്നു പറഞ്ഞ്. ഉടനെ ഭിക്ഷക്കാരന്‍ “അങ്ങ് ഒരു ധനവാനാണെന്നു കിഴക്കേ ഗോപുരത്തിലിരിക്കുന്ന മനുഷ്യന്‍ പറഞ്ഞല്ലോ?” എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ താനൊരു ചട്ടി വച്ചുകൊണ്ടിരിക്കുന്നതിനാലാണ് പട്ടണത്തു പിള്ള ഇങ്ങനെ പറഞ്ഞയച്ചതെന്നും, വിരക്തന്‍മാര്‍ക്ക് ഇങ്ങനെ ഒരു ചട്ടി വെച്ചുകൊണ്ടിരിക്കുന്ന അയുക്തവും അനാവശ്യവുമാണെന്നും ഇങ്ങനെ ഒരു പാത്രം വെച്ചുകൊണ്ടിരുന്നാല്‍ വല്ലവരും വല്ലതും തന്നാല്‍ കൊള്ളാമെന്ന് തനിക്കാഗ്രഹമുണ്ടെന്ന് അര്‍ഥമാകുന്നതാണെന്നു മാണ് പിള്ളയുടെ അഭിപ്രായമെന്നും മന്‍സ്സിലാവുകയാല്‍ “ഇനി ഇതിരുന്നിട്ട് ആരും ഇങ്ങനെ പറയാനിടയാകരുത്” എന്നും പറഞ്ഞ് അദ്ദേഹം ആ ചട്ടിയെടുത്ത് ഒരേറുകൊടുത്തു. മണ്‍പാത്രമായ ചട്ടു ഉടഞ്ഞു തകര്‍ന്നുപോയി എന്നുള്ളതു പറയണമെന്നില്ലല്ലോ. പിന്നെ ഭര്‍ത്തൃഹരി ആജീവനാന്തം ആ പുണ്യക്ഷേത്രസന്നിധിയില്‍ തന്നെ ഇരുന്നിരുന്നു വെന്നും അദ്ദേഹത്തിന്റെ വിശിഷ്ട്കൃതികളെല്ലാം അദ്ദേഹം അവിടെയിരുന്ന് ഉണ്ടാക്കീട്ടുള്ളവയാണെന്നുമാണ് കേള്‍വി.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേതാള പഞ്ചവിംശതി

വേതാള പഞ്ചവിംശതി (Vetala Panchavimshati) ഇന്ത്യൻ സാഹിത്യത്തിലെ ഒരു ക്ലാസിക് കഥാസമാഹാരമാണ്, ഇത് സംസ്കൃതത്തിൽ രചിക്കപ്പെട്ട കഥാസരിത്സാഗരത്തിന്റെ (Kathasaritsagara) ഭാഗമായി കണക്കാക്കപ്പെടുന്നു. ഇതിൽ 25 കഥകൾ അടങ്ങിയിരിക്കുന്നു, ഓരോന്നും വേതാളൻ (Vetala) എന്ന പ്രേതാത്മാവ് വിക്രമാദിത്യന് പറഞ്ഞുകൊടുക്കുന്നവയാണ്. ഈ കഥകൾ വിക്രമാദിത്യന്റെ ധർമബോധം, ബുദ്ധി, നീതിബോധം എന്നിവ പരീക്ഷിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. പ്രശസ്തനായ രാജാവ് വിക്രമാദിത്യന്റെ ധീരതയും ബുദ്ധിശക്തിയും പ്രകടമാക്കുന്ന ഈ കഥകൾ ധാർമികവും തത്ത്വചിന്താപരവുമായ ചോദ്യങ്ങൾ ഉയർത്തുന്നു. വേതാള പഞ്ചവിംശതിയുടെ പശ്ചാത്തലം ഇങ്ങനെയാണ്: ഒരു സന്യാസി വിക്രമാദിത്യനോട് ഒരു പ്രത്യേക ശവം ഒരു വൃക്ഷത്തിൽ നിന്ന് എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെടുന്നു. ആ ശവത്തിൽ വേതാളൻ കുടിയിരിക്കുന്നു. വിക്രമാദിത്യൻ ശവവുമായി മടങ്ങുമ്പോൾ, വേതാളൻ ഓരോ കഥയും പറഞ്ഞ് അവസാനം ഒരു ചോദ്യം ചോദിക്കുന്നു. വിക്രമാദിത്യൻ ഉത്തരം പറഞ്ഞാൽ, വേതാളൻ തിരികെ മരത്തിലേക്ക് പറന്നുപോകും. അങ്ങനെ, 25 തവണ ഈ സംഭവം ആവർത്തിക്കപ്പെടുന്നു. എല്ലാ കഥകളും വിവരിക്കാൻ വിശദമായി പോകുന്നത് വളരെ വിപുലമാകും, പക്ഷേ ചില പ്രധാന കഥകള...

പറയിപെറ്റ പന്തിരുകുലം

ച രിത്രപ്രസിദ്ധനായ ഗോവിന്ദസ്വാമികളുടെ പുത്രനും മലയാളത്തില്‍ നടപ്പുള്ള വാക്യം, പരല്പേരു മുതലായ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളുടെ നിര്‍മാതാവെന്നു പറയപ്പെടുന്ന ആളുമായ വരരുചി എന്ന ബ്രാഹ്മണോത്തമനെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ അധികമുണ്ടെന്നു തോന്നുന്നില്ല. ഇദ്ദേഹം വിക്രമാദിത്യരാജാവിന്റെ സേവകനായിട്ടു താമസിച്ചിരുന്നു. വരരുചി സകലശാസ്ത്രപാരംഗതനും നല്ല പൗരാണികനും ആയിരുന്നതിനാല്‍ രാജാവിനു ശാസ്ത്രസംബന്ധമായോ പുരാണസംബന്ധമായോ വല്ല സംശയവും നേരിട്ടാല്‍ ഇദ്ദേഹത്തോടു ചോദിച്ചാണ് അത് തീര്‍ക്കുക പതിവ്. അങ്ങനെയിരിക്കെ കാലത്ത് ഒരു ദിവസം രാജാവ് "രാമായണത്തില്‍ പ്രാധാനമായ വാക്യമേതാണ്?" എന്ന് ഈ ബ്രാഹ്മണനോട് ചോദിച്ചു. ഈ ചോദ്യത്തിനു തക്കതായ ഉത്തരം പറയാന്‍ തോന്നായ്കയാല്‍ വരരുചി വിഷണ്ണനായിത്തീര്‍ന്നു. ഉടനെ രാജാവ് "എന്നാല്‍ എവിടെയെങ്കിലും പോയി, ആരോടെങ്കിലും ചോദിച്ചറിഞ്ഞു നാല്പത്തൊന്നുദിവസം കഴിയുന്നതിനുമുമ്പ് ഇവിടെ വന്നു പറയണം. അങ്ങനെ ചെയ്തില്ലെങ്കില്‍ പിന്നെ താന്‍ ഇവിടെ വരണമെന്നില്ല. എനിക്കു തന്നെ കാണുകയും വേണ്ട" എന്നു പറഞ്ഞു. രാജാവിന്റെ കല്പന കേട്ടപ്പോള്‍ വരരുചിയുടെ ഹൃദയം വിഷാദവും വിചാരവുംകൊണ്ടു നിറഞ...

കല്ലന്താറ്റില്‍ ഗുരുക്കള്‍

കോലത്തുനാട്ടുകാരനായ ഒരു ബ്രാഹ്മണന്‍ ആയുധവിദ്യ അഭ്യസിക്കണമെന്ന ആഗ്രഹത്തോടുകൂടി കോഴിക്കോട്ടു വന്നുചേര്‍ന്നു. അവിടെ അക്കാലത്തെ മൂന്നാം മുറ രാജാവ് വലിയ അഭ്യാസിയായിരുന്നതിനാല്‍ ഈ ബ്രാഹ്മണന്‍ അദ്ദേഹത്തെ ചെന്നു കണ്ടു തന്റെ ആഗ്രഹം അറിയിച്ചു. രാജാവു സന്തോ‌ഷസമ്മേതം ബ്രാഹ്മണന്റെ അപേക്ഷയെ സ്വീകരിച്ചു. ഒരു സുമുഹൂര്‍ത്തത്തിങ്കല്‍ ബ്രാഹ്മണന്‍അഭ്യാസം ആരംഭിക്കുകയും ചെയ്തു. ഇങ്ങനെ ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഗുരുവായ രാജാവു ശി‌ഷ്യനായ ബ്രാഹ്മണനോട് "ഇപ്പോള്‍ അങ്ങേപ്പിടിക്കാനായി എത്രപേര്‍ വന്നാല്‍ തടുത്തുനിര്‍ത്താ"മെന്നു ചോദിച്ചു. അപ്പോള്‍ ബ്രാഹ്മണന്‍ "പതിനായിരം പേരുവന്നാല്‍ ഒരു പ്രയാസവും കൂടാതെ ഞാന്‍തടുത്തുനിര്‍ത്താം" എന്നുത്തരം പറഞ്ഞു. "അതുകൊണ്ടുമതിയായില്ല. കുറച്ചുകൂടി അഭ്യസിക്കണം" എന്നു പറഞ്ഞു രാജാവുവീണ്ടും പഠിപ്പിച്ചുകൊണ്ടിരുന്നു. ബ്രാഹ്മണന്‍ അതിജാഗ്രതയോടുകൂടി പഠിച്ചും കൊണ്ടു താമസിച്ചു. അങ്ങനെ ഒരു കൊല്ലം കൂടെ കഴിഞ്ഞപ്പോള്‍ വീണ്ടും ഗുരു മേല്‍പ്രകാരം ചോദിച്ചു. അപ്പോള്‍ "അയ്യായിരം പേരു വന്നാല്‍ തടഞ്ഞുനിര്‍ത്താം" എന്നു ബ്രാഹ്മണന്‍ പറഞ്ഞു. "ഇനിയും മതിയായില്...