കോ ട്ടയത്തുരാജകുടുംബം ബ്രിട്ടീഷുമലബാറിന്റെ വടക്കേ അറ്റത്തുള്ള താലൂക്കുകളില്‍ ഒന്നായ കോട്ടയം താലൂക്കിലാകുന്നു. ഈ കുടുംബത്തിലുള്ള സ്ത്രീപുരുഷന്മാര്‍ യഥാകാലം വിദ്യാഭ്യാസം ചെയ്തുകൊണ്ടിരുന്നതിനാല്‍ മുന്‍കാലങ്ങളില്‍ അവിടെ വിദ്വാന്മാരല്ലാതെ ഉണ്ടായിരിക്ക പതിവില്ല. എങ്കിലും ഒരുകാലത്ത് ആ രാജകുടുംബത്തില്‍ കേവലം മന്ദബുദ്ധിയായ ഒരു രാജകുമാരന്‍ അഭൂതപൂര്‍വമായിസംഭവിക്കുന്നതിനിടയായി. അദ്ദേഹത്തിന്റെ ചരിത്രത്തെക്കുറിച്ചാണ് കുറഞ്ഞൊന്ന് ഇവിടെ പ്രസ്താവിക്കാന്‍ പോകുന്നത്. അക്കാലത്ത് ആ രാജകുടുംബത്തില്‍ രാജാധിപത്യം ഉണ്ടായിരുന്നതിനാലും വേറെ പുരുഷന്മാര്‍ അവിടെ ഇദ്ദേഹത്തെക്കാള്‍ മൂത്തവരായി ഇല്ലാതെയിരുന്നതുകൊണ്ടും ഈ രാജകുമാരനെ ബാല്യകാലത്തില്‍ സാധാരണയായി അധികം താല്പര്യത്തോടുകൂടി വിദ്യാഭ്യാസം ചെയ്യിച്ചു എങ്കിലും തന്നിമിത്തം യാതൊരു ഫലവുമുണ്ടായില്ല. രാജ്യഭാരം വഹിക്കേണ്ട ചുമതലക്കാരനായ നമ്മുടെ കഥാനായകന്‍ കേവലം മൃതപ്രായമായിത്തന്നെ വളര്‍ന്നുവന്നു. അത്യന്തം വിദുഷിയായ ഒരു രാജ്ഞിയുടെ പുത്രനും ആ മാതാവിനാല്‍ യഥോചിതം വളര്‍ത്തപ്പെട്ടയാളും സകലശാസ്ത്രപാരംഗതന്മാരായ പണ്ഡിതവര്യന്മാരാല്‍ യഥാകാലം അതിശ്രദ്ധയോടുകൂടി ശിക്ഷിക്കപ്പെട്ടയാ...