" കോലത്തിരിയും സാമൂതിരിയും ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കോലത്തിരിയും സാമൂതിരിയും

പണ്ടൊരിക്കല്‍ കോലസ്വരൂപത്തിങ്കല്‍ രാജാവ് കോഴിക്കോട്ടു സാമൂതിരിരാജാവിനെ കാണാനായി വന്നിരുന്നു. അന്നു രണ്ടുപേര്‍ക്കും രാജ്യാധിപത്യമുള്ള കാലമാണ്. തമ്മില്‍ കണ്ടാല്‍ രണ്ടുപേരും പുറമേ ഭംഗിക്കു വളരെ സ്നേഹം ഭാവിക്കുകയും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പോവുകയും വരികയുമൊക്കെ പതിവുണ്ടായിരുന്നു. എങ്കിലും ഉള്ളില്‍ പരസ്പരം മത്സരവും ആക്ഷേപവും ധാരാളമായിരുന്നു. കോലസ്വരൂപത്തിങ്കല്‍ രാജാവ് ഇങ്ങോട്ടു വന്നിരിക്കുന്ന സ്ഥിതിക്ക് വേണ്ടതുപോലെ സത്ക്കരിക്കാഞ്ഞാല്‍ ലൗകികത്തിനു പോരല്ലോ എന്നു വിചാരിച്ച് അദ്ദേഹത്തെ സാമൂതിരിരാജാവ് യഥായോഗ്യം സത്കരിച്ചു. ഊണു കഴിഞ്ഞു രണ്ടുപേരുംകൂടി സ്വൈരസല്ലാപം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കോലസ്വരൂപത്തിങ്കല്‍ രാജാവ് അകത്ത് നിരൂപിചുകൊണ്ടു നേരംപോക്കെന്ന ഭാവത്തില്‍ "സാമൂരി കുത്തുമോ?" എന്നു ചോദിച്ചു. (സാമൂതിരി എന്നുള്ളത് ലോപിച്ചു "സാമൂരി" എന്നും പറയാറുണ്ടല്ലോ). സാമൂരി എന്നാല്‍ ഒരു മാതിരി മൂരി (കാള) എന്നുള്ള അര്‍ഥത്തിലാണ് കോലസ്വരൂപത്തിങ്കല്‍ രാജാവ് ചോദിചത്. ഇതുകേട്ട് സാമൂതിരിപ്പാട് " കോലത്തിരി കത്തുമോ?" എന്ന് അങ്ങോട്ടും ചോദിച്ചു. കോലസ്വരൂപത്തിങ്കല്‍ രാജാവിനെ "കോലത്തിരി" എന്നും പറയാറുണ്ടല്ലോ. ഇതു കേട്ട് കോലസ്വരൂപത്തിങ്കല്‍ രാജാവ് "കോലത്തിരി ചിലപ്പോള്‍ കത്തിയേക്കും, സൂക്ഷിക്കണം" എന്നു പറഞ്ഞു. അപ്പോള്‍ സാമൂതിരിപ്പാട് "കോലത്തിരി കത്തിയാല്‍ സാമൂരി കുത്തുകയും ചെയ്യും" എന്നു പറഞ്ഞു. ഇങ്ങനെ അനേകം നേരമ്പോക്കുകളും പറഞ്ഞുരസിച്ചിരുന്നതിന്റെ ശേ‌ഷം കോലസ്വരൂപത്തിങ്കല്‍ രാജാവ് സന്തോ‌ഷഭാവത്തില്‍ പോവുകയും ചെയ്തു.

പിന്നെ വളരെക്കാലം കഴിഞ്ഞതിന്റെ ശേ‌ഷം കോലസ്വരൂപത്തിങ്കല്‍ രാജാവ് വിശേ‌ഷമാതിരിയില്‍ പണികഴിപ്പിച്ചിട്ടുള്ള ഒരു പെട്ടി താക്കോലോടുകൂടി ഒരു ഭൃത്യന്‍ വശം സാമൂതിരിപ്പാട്ടിലേക്കു കൊടുത്തയച്ചു. ആ പെട്ടിക്കകത്തു വെടിമരുന്നു നിറച്ചിരുന്നതുകൂടാതെ പെട്ടി തുറന്നാലുടനെ വെടിമരുന്നിനു തീപിടിച്ചു പെട്ടി തുറക്കുന്ന ആളുടെ മുഖവും ദേഹവുമെല്ലാം കത്തിപ്പോകത്തക്കവണ്ണം ഒരു സൂത്രവും പറ്റിച്ചിരുന്നു. "കോലത്തിരി കത്തുമോ?" എന്നു സാമൂതിരിപ്പാടു മുമ്പു ചോദിച്ചിരുന്നതിനു ഒന്നു കത്തിക്കണമെന്നുള്ള വിചാരത്തോടുകൂടിയാണ് ഈ ചതി പ്രയോഗിച്ചതെന്ന് പറയേണ്ടതില്ലല്ലോ. ഭൃത്യന്‍ പെട്ടി താക്കോലോടുകൂടി സാമൂതിരിപ്പാട്ടിലെ അടുക്കല്‍ കൊണ്ടുചെന്നു കൊടുത്ത്, കോലസ്വരൂപത്തിങ്കല്‍ രാജാവിന്റെ സമ്മാനമാണെന്നുള്ള വിവരം അറിയിച്ചു. ഇതു കേട്ടപ്പോള്‍ സാമൂതിരിപ്പാട്, "ഇപ്പോള്‍ കോലത്തിരിരാജാവ് നമുക്കൊരു സമ്മാനം അയച്ചുതരാനുള്ള സംഗതി എന്തായിരിക്കും? ഇതെന്തെങ്കിലും ചതിയായിരിക്കാനേയിടയുള്ളൂ. "കോലത്തിരി കത്തുമോ" എന്നു നാം ചോദിച്ചതിനും "ചിലപ്പോള്‍ കത്തിയേക്കും, സൂക്ഷിക്കണം" എന്നാണലോ മറുപടി പറഞ്ഞിട്ടുള്ളത്. അതിനാല്‍ ഈ പെട്ടിക്കകത്ത് എന്തെങ്കിലും കത്തുന്ന സാധനമായിരിക്കണം. അതുകൊണ്ട് ഈ പെട്ടി വെള്ളത്തില്‍ മുക്കീട്ടു വേണം തുറക്കാന്‍. അല്ലെങ്കില്‍ അബദ്ധം പറ്റിയേക്കും" എന്നു വിചാരിച്ച് പെട്ടി വെള്ളത്തില്‍ മുക്കിയെടുത്തു കൊണ്ടുവരുവാന്‍ തന്റെ ഭൃത്യന്മാരോടു കല്പിചു. ഭൃത്യന്മാര്‍ പെട്ടിയെടുത്തു കൊണ്ടുപോയി മുക്കിക്കൊണ്ടുവന്നു. സാമൂതിരിപ്പാട് പെട്ടി തുറന്നു. പെട്ടിക്കകത്ത് വെള്ളംകേറി വെടിമരുന്നെല്ലാം നനഞ്ഞുപോയതിനാല്‍ തീ കത്തുകയും അബദ്ധം പറ്റുകയുമൊന്നുമുണ്ടായില്ല. ഈ സംഗതികളെല്ലാം കോലത്തിരി രാജാവിന്റെ ഭൃത്യന്മാര്‍ തിരിച്ചുചെന്ന് അദ്ദേഹത്തിന്റെ അടുക്കല്‍ അറിയിക്കുകയും ചെയ്തു. തന്റെ പ്രയോഗം പറ്റിയില്ലല്ലോ എന്നു വിചാരിച്ചു കോലത്തിരിരാജാവിനു വളരെ കുണ്ഠിതമുണ്ടായി എന്നുള്ളതു പറയേണ്ടതില്ലല്ലോ.

പിന്നെ കുറചുകാലം കഴിഞ്ഞതിന്റെശേ‌ഷം സാമൂതിരിപ്പാടും മേല്‍പ്രകാരം ഒരു പെട്ടി തന്റെ ഭൃത്യന്മാര്‍ മുഖാന്തരം കോലത്തിരിരാജാവിനു സമ്മാനമായി കൊടുത്തയച്ചു. ആ പെട്ടി കോലത്തിരി രാജാവിന്റെ അടുക്കല്‍ എത്തിയപ്പോള്‍ അദ്ദേഹം, "നാമങ്ങോട്ടു ചെയ്തതിനു പകരം ഇതും ഒരു ചതിപ്രയോഗമായിരിക്കണം. നാം കൊടുത്തയച്ച പെട്ടി സാമൂതിരി വെള്ളത്തില്‍ മുക്കിയിട്ടാണല്ലോ തുറന്നത്. അതുപോലെ ഈ പെട്ടിയും വെള്ളത്തില്‍ മുക്കിയിട്ടുവേണം തുറക്കാന്‍. അല്ലെങ്കില്‍ വല്ല അബദ്ധവും പറ്റിയേക്കും" എന്നിങ്ങനെ വിചാരിച്ചു പെട്തി വെള്ളത്തില്‍ മുക്കി തുറന്നു നോക്കിയപ്പോള്‍ അതില്‍ നിറയെ കടന്നല്‍ കൂടുകളായിരുന്നു നിറച്ചയച്ചിരുന്നത്. പെട്ടിക്കകത്തു വെള്ളം കേറിയപ്പോഴേക്കും കടന്നലുകല്‍ അതികോപത്തോടുകൂടി ഇളകിവശായി. ആ സമയത്താണ് കോലത്തിരി രാജാവു പെട്ടി തുറന്നത്. പിന്നത്തെക്കഥ പറയണമെന്നിലലോ. കടന്നലുകളുടെ കുത്തുകൊണ്ടു കോലത്തിരിരാജാവിനു നിവൃത്തിയില്ലാതെയായി. അദ്ദേഹം ഇതിലധികം വി‌ഷമിക്കേണ്ടതില്ല. അനേകമാളുകള്‍കൂടി കടന്നലുകളെ അടിച്ചും തീവെച്ചും ചുട്ടും മറ്റും നശിപ്പിച്ച് രാജാവിന്റെ പ്രാണനെ രക്ഷിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേതാള പഞ്ചവിംശതി

വേതാള പഞ്ചവിംശതി (Vetala Panchavimshati) ഇന്ത്യൻ സാഹിത്യത്തിലെ ഒരു ക്ലാസിക് കഥാസമാഹാരമാണ്, ഇത് സംസ്കൃതത്തിൽ രചിക്കപ്പെട്ട കഥാസരിത്സാഗരത്തിന്റെ (Kathasaritsagara) ഭാഗമായി കണക്കാക്കപ്പെടുന്നു. ഇതിൽ 25 കഥകൾ അടങ്ങിയിരിക്കുന്നു, ഓരോന്നും വേതാളൻ (Vetala) എന്ന പ്രേതാത്മാവ് വിക്രമാദിത്യന് പറഞ്ഞുകൊടുക്കുന്നവയാണ്. ഈ കഥകൾ വിക്രമാദിത്യന്റെ ധർമബോധം, ബുദ്ധി, നീതിബോധം എന്നിവ പരീക്ഷിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. പ്രശസ്തനായ രാജാവ് വിക്രമാദിത്യന്റെ ധീരതയും ബുദ്ധിശക്തിയും പ്രകടമാക്കുന്ന ഈ കഥകൾ ധാർമികവും തത്ത്വചിന്താപരവുമായ ചോദ്യങ്ങൾ ഉയർത്തുന്നു. വേതാള പഞ്ചവിംശതിയുടെ പശ്ചാത്തലം ഇങ്ങനെയാണ്: ഒരു സന്യാസി വിക്രമാദിത്യനോട് ഒരു പ്രത്യേക ശവം ഒരു വൃക്ഷത്തിൽ നിന്ന് എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെടുന്നു. ആ ശവത്തിൽ വേതാളൻ കുടിയിരിക്കുന്നു. വിക്രമാദിത്യൻ ശവവുമായി മടങ്ങുമ്പോൾ, വേതാളൻ ഓരോ കഥയും പറഞ്ഞ് അവസാനം ഒരു ചോദ്യം ചോദിക്കുന്നു. വിക്രമാദിത്യൻ ഉത്തരം പറഞ്ഞാൽ, വേതാളൻ തിരികെ മരത്തിലേക്ക് പറന്നുപോകും. അങ്ങനെ, 25 തവണ ഈ സംഭവം ആവർത്തിക്കപ്പെടുന്നു. എല്ലാ കഥകളും വിവരിക്കാൻ വിശദമായി പോകുന്നത് വളരെ വിപുലമാകും, പക്ഷേ ചില പ്രധാന കഥകള...

പറയിപെറ്റ പന്തിരുകുലം

ച രിത്രപ്രസിദ്ധനായ ഗോവിന്ദസ്വാമികളുടെ പുത്രനും മലയാളത്തില്‍ നടപ്പുള്ള വാക്യം, പരല്പേരു മുതലായ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളുടെ നിര്‍മാതാവെന്നു പറയപ്പെടുന്ന ആളുമായ വരരുചി എന്ന ബ്രാഹ്മണോത്തമനെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ അധികമുണ്ടെന്നു തോന്നുന്നില്ല. ഇദ്ദേഹം വിക്രമാദിത്യരാജാവിന്റെ സേവകനായിട്ടു താമസിച്ചിരുന്നു. വരരുചി സകലശാസ്ത്രപാരംഗതനും നല്ല പൗരാണികനും ആയിരുന്നതിനാല്‍ രാജാവിനു ശാസ്ത്രസംബന്ധമായോ പുരാണസംബന്ധമായോ വല്ല സംശയവും നേരിട്ടാല്‍ ഇദ്ദേഹത്തോടു ചോദിച്ചാണ് അത് തീര്‍ക്കുക പതിവ്. അങ്ങനെയിരിക്കെ കാലത്ത് ഒരു ദിവസം രാജാവ് "രാമായണത്തില്‍ പ്രാധാനമായ വാക്യമേതാണ്?" എന്ന് ഈ ബ്രാഹ്മണനോട് ചോദിച്ചു. ഈ ചോദ്യത്തിനു തക്കതായ ഉത്തരം പറയാന്‍ തോന്നായ്കയാല്‍ വരരുചി വിഷണ്ണനായിത്തീര്‍ന്നു. ഉടനെ രാജാവ് "എന്നാല്‍ എവിടെയെങ്കിലും പോയി, ആരോടെങ്കിലും ചോദിച്ചറിഞ്ഞു നാല്പത്തൊന്നുദിവസം കഴിയുന്നതിനുമുമ്പ് ഇവിടെ വന്നു പറയണം. അങ്ങനെ ചെയ്തില്ലെങ്കില്‍ പിന്നെ താന്‍ ഇവിടെ വരണമെന്നില്ല. എനിക്കു തന്നെ കാണുകയും വേണ്ട" എന്നു പറഞ്ഞു. രാജാവിന്റെ കല്പന കേട്ടപ്പോള്‍ വരരുചിയുടെ ഹൃദയം വിഷാദവും വിചാരവുംകൊണ്ടു നിറഞ...

കല്ലന്താറ്റില്‍ ഗുരുക്കള്‍

കോലത്തുനാട്ടുകാരനായ ഒരു ബ്രാഹ്മണന്‍ ആയുധവിദ്യ അഭ്യസിക്കണമെന്ന ആഗ്രഹത്തോടുകൂടി കോഴിക്കോട്ടു വന്നുചേര്‍ന്നു. അവിടെ അക്കാലത്തെ മൂന്നാം മുറ രാജാവ് വലിയ അഭ്യാസിയായിരുന്നതിനാല്‍ ഈ ബ്രാഹ്മണന്‍ അദ്ദേഹത്തെ ചെന്നു കണ്ടു തന്റെ ആഗ്രഹം അറിയിച്ചു. രാജാവു സന്തോ‌ഷസമ്മേതം ബ്രാഹ്മണന്റെ അപേക്ഷയെ സ്വീകരിച്ചു. ഒരു സുമുഹൂര്‍ത്തത്തിങ്കല്‍ ബ്രാഹ്മണന്‍അഭ്യാസം ആരംഭിക്കുകയും ചെയ്തു. ഇങ്ങനെ ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഗുരുവായ രാജാവു ശി‌ഷ്യനായ ബ്രാഹ്മണനോട് "ഇപ്പോള്‍ അങ്ങേപ്പിടിക്കാനായി എത്രപേര്‍ വന്നാല്‍ തടുത്തുനിര്‍ത്താ"മെന്നു ചോദിച്ചു. അപ്പോള്‍ ബ്രാഹ്മണന്‍ "പതിനായിരം പേരുവന്നാല്‍ ഒരു പ്രയാസവും കൂടാതെ ഞാന്‍തടുത്തുനിര്‍ത്താം" എന്നുത്തരം പറഞ്ഞു. "അതുകൊണ്ടുമതിയായില്ല. കുറച്ചുകൂടി അഭ്യസിക്കണം" എന്നു പറഞ്ഞു രാജാവുവീണ്ടും പഠിപ്പിച്ചുകൊണ്ടിരുന്നു. ബ്രാഹ്മണന്‍ അതിജാഗ്രതയോടുകൂടി പഠിച്ചും കൊണ്ടു താമസിച്ചു. അങ്ങനെ ഒരു കൊല്ലം കൂടെ കഴിഞ്ഞപ്പോള്‍ വീണ്ടും ഗുരു മേല്‍പ്രകാരം ചോദിച്ചു. അപ്പോള്‍ "അയ്യായിരം പേരു വന്നാല്‍ തടഞ്ഞുനിര്‍ത്താം" എന്നു ബ്രാഹ്മണന്‍ പറഞ്ഞു. "ഇനിയും മതിയായില്...