തി രുവിതാംകൂറിൽ കോട്ടയം പട്ടണത്തിന്റെ മദ്ധ്യഭാഗത്തുള്ള തിരുനക്കര ക്ഷേത്രത്തെപ്പറ്റി പലരും കേട്ടിരിക്കാനിടയുണ്ട്. അവിടത്തെ സ്വയംഭൂവായ ശിവനെയും കാളയെയും പറ്റിയുള്ള ഐതിഹ്യങ്ങൾ വായനക്കാർക്കു രസാവഹങ്ങളായിരിക്കുമെന്നു വിശ്വസിക്കുന്നു. പണ്ടൊരു തെക്കുംകൂർ രാജാവിനു തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിൽ തിങ്ങൾ ഭജനം (മാസന്തോറും തൊഴുക) പതിവുണ്ടായിരുന്നു. ഒരു മാസത്തിന്റെ അവസാനദിവസം അവിടെയെത്തിയാൽ അന്നും പിറ്റേദിവസവുമായി രണ്ടുമാസത്തെ തൊഴുക കഴിച്ചു പോരാമല്ലോ. അങ്ങനെയാകുമ്പോൾ ആണ്ടിൽ ആറു യാത്ര കൊണ്ടു കഴിക്കാമല്ലോയെന്നു വിചാരിച്ച് ആ തമ്പുരാൻ അപ്രകാരമാണ് അതു നടത്തിപ്പോന്നത്. അങ്ങനെ വളരെക്കാലം അദ്ദേഹം അതു മുടക്കം കൂടാതെ നടത്തിക്കൊണ്ടിരുന്നു. കാലക്രമേണ ആ തമ്പുരാനു പ്രായാധിക്യവും രോഗപീഡകളും നിമിത്തം അന്യദേശസഞ്ചാരം ദുസ്സാദ്ധ്യാമായിത്തീർന്നു. പരസഹായം കൂടാതെ ഒന്നും ചെയ്‌വാൻ ശക്തനല്ലാതെയായിട്ടും ഈശ്വരഭക്തനായ അവിടേക്കു തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിലെ തിങ്ങൾഭജനം മുടക്കുന്നതിനു ധൈര്യമുണ്ടായില്ല. അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ, ഒരു മാസാന്ത്യദിവസം ആ തമ്പുരാൻ പരിവാരസമേതം തൃശ്ശിവപേരൂരെത്തി. വളരെ പ്രയാസപ്പെട്ട് ഒരു...